നവകേരള സദസില്‍ പങ്കെടുത്തു; പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുമായി പ്രതിപക്ഷപാര്‍ട്ടികള്‍

കോഴിക്കോട്: നവ കേരള സദസില്‍ പങ്കെടുത്ത് പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും. പാര്‍ട്ടിയുടെയും, മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി അച്ചടക്കം ലംഘനം നടത്തിയ എന്‍.അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ:കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. അന്വേഷണ വിധേയമായി 2 പേരെ മുസ്ലിം ലീഗും സസ്‌പെന്‍ഡ് ചെയ്തു. ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

യുഡിഎഫ് സംസ്ഥാന നേതൃത്വം പരസ്യമായി നവകേരള സദസിനെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് സദസുമായി കോണ്‍ഗ്രസ്സിന്റെയും, ലീഗിന്റേയും പ്രാദേശിക നേതാക്കളുടെ പങ്കാളിത്തം.

കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം മുന്‍ പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് എന്‍.അബൂബക്കര്‍. അബൂബക്കറിന് പുറമേ കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈന്‍, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു മിട്ടായി എന്നിവരാണ് ഓമശ്ശേരിയിലെ യോഗത്തില്‍ പങ്കെടുത്തതത്. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് യോഗത്തിനെത്തിയതെന്നാണ് മൊയ്തുവിന്റെ വിശദീകരണം.

Top