ഇന്ത്യന്‍ സ്ത്രീകളെ ശക്തമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചിരുന്നത്‌; റാണി മുഖര്‍ജി

പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഏഴാം ദിവസം ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ ‘ഡെലിവറിംഗ് പെര്‍ഫോമന്‍സ്’ എന്ന വിഷയത്തില്‍ സംസാരിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. നടി. ഗലാട്ട പ്ലസ് എഡിറ്ററും ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്ര നിരൂപകനുമായ ഭരദ്വാജ് രംഗന്‍ മോഡറേറ്റ് ചെയ്ത പരിപാടിയില്‍ റാണി മുഖര്‍ജി അഭിനയിച്ച മികച്ച കഥാപാത്രങ്ങളെപ്പറ്റിയും 27 വര്‍ഷം നീണ്ട സിനിമാ ജീവിതത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സ്ത്രീകളെ ശക്തമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെന്ന് സിനിമാ യാത്രയെക്കുറിച്ച് റാണി മുഖര്‍ജി പറഞ്ഞു.

‘ശക്തമായ സിനിമകള്‍ക്കും വേഷങ്ങള്‍ക്കും ഒപ്പം നില്‍ക്കേണ്ടത് പ്രധാനമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ആ കാലഘട്ടത്തില്‍ പ്രേക്ഷകരുടെ അംഗീകാരം ലഭിച്ചേക്കില്ല. എന്നാല്‍ സിനിമാ ചരിത്രത്തില്‍ അത്തരം സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു പ്രത്യേക സ്ഥാനമുണ്ടാകും. ഒരു അഭിനേതാവിന് ജീവിതാനുഭവമുണ്ടെങ്കില്‍, അവര്‍ക്ക് ജീവിതത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. എനിക്ക് എന്റെ കഥാപാത്രങ്ങളെ എത്രത്തോളം വ്യത്യസ്തമാക്കാന്‍ കഴിയുമോ, അത് പ്രേക്ഷകര്‍ക്കും എനിക്കും കൂടുതല്‍ രസകരമായിരിക്കും. കഥാപാത്രങ്ങളിലെ ഈ വൈവിധ്യം എന്നെ എല്ലാക്കാലവും പ്രചോദിപ്പിക്കുന്നുണ്ട്.’

കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ സങ്കീര്‍ണതകളെക്കുറിച്ചും നടി തന്റെ അഭിപ്രായം പങ്കുവെച്ചു. ‘ചില പ്രത്യേക വേഷങ്ങള്‍ ചെയ്യുന്നതിനായി, അഭിനേതാക്കള്‍ അവരുടെ ശരീരഭാഷ ശരിയാക്കുന്നതിനായി യഥാര്‍ത്ഥ ജീവിതത്തിലെ ആളുകളെ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. എന്നാല്‍ അവര്‍ കടന്നുപോകുന്ന എല്ലാ വികാരങ്ങളിലൂടെയും കടന്നുപോകുന്നത് പ്രധാനമാണ്. ഒരു രംഗം എന്താണ് ആവശ്യപ്പെടുന്നത് അത് ഒരു സിനിമയില്‍ ദൃശ്യത്തിന് പിന്നിലെ വികാരങ്ങളാണ്. പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്നതിന് കഥാപാത്രങ്ങളുടെ വികാരങ്ങള്‍ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തേണ്ടത് പ്രധാനമാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഒരു കഥാപാത്രവും ചെയ്തതിലോ ചെയ്യാത്തതിലോ ഒരിക്കലും ഖേദിക്കുന്നില്ല. പക്ഷേ ഡേറ്റ് ക്ലാഷ് കാരണം ആമിര്‍ ഖാന്റെ ആദ്യ പ്രൊഡക്ഷന്‍ വെഞ്ച്വര്‍ ചിത്രമായ ലഗാന്റെ ഭാഗമാകാന്‍ എനിക്ക് കഴിയാത്തത് നിര്‍ഭാഗ്യകരമായിരുന്നു’, റാണി മുഖര്‍ജി പറഞ്ഞു.

സിനിമാ മേഖലയിലെ പ്രായപരിധിയെപ്പറ്റിയുള്ള ചര്‍ച്ചയില്‍ അഭിനേതാക്കള്‍ അവരുടെ പ്രായം അംഗീകരിക്കണമെന്നും പ്രായത്തിന് അനുയോജ്യമായ വേഷങ്ങള്‍ സ്വീകരിക്കണമെന്നും റാണി മുഖര്‍ജി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ പ്രായഭേദവും മറ്റ് തടസ്സങ്ങളും തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോകാന്‍ പ്രേക്ഷകരാണ് തന്നെ സഹായിച്ചതെന്നും റാണി വ്യക്തമാക്കി. അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേതെന്ന ചോദ്യത്തിന് ബ്ലാക്ക് എന്ന ചിത്രത്തിലെ കഥാപാത്രമെന്നാണ് അവര്‍ ഉത്തരം നല്‍കിയത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ് ആ ചിത്രവും കഥാപാത്രവുമെന്ന് അവര്‍ വെളിപ്പെടുത്തി. ആ കഥാപാത്രം തന്നെ രൂപാന്തരപ്പെടുത്തുകയും മികച്ച ഒരു വ്യക്തിയായി മാറാന്‍ സഹായിക്കുകയും ചെയ്തു. ബ്ലാക്കിലെ ‘മിഷേല്‍ മക്‌നാലി’ എന്ന കഥാപാത്രം ഒരേ സമയം തന്നെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്നും റാണി മുഖര്‍ജി പറഞ്ഞു.

Top