പാറശാലയിൽ ട്രെയിനിൽ ചന്ദനം കടത്താൻ ശ്രമം; രണ്ട്‌ പേർ അറസ്റ്റിൽ

തിരുവനന്തപുരം: പാറശാലയിൽ ട്രെയിനിൽ ചന്ദനം കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശികൾ പിടിയിൽ.

50 കിലോ ചന്ദനവുമായി തമിഴ്നാട് സ്വദേശികളായ അറുമുഖൻ (52), മുത്തുകൃഷ്ണൻ (60) എന്നിവരെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽ നിന്നും തൃശൂരിലേക്ക് ചന്ദനം കടത്താനായിരുന്നു ഇവരുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു.

അനന്തപുരി എക്സ്പ്രസ് ട്രെയിനിലാണ് ചന്ദനവേട്ട പിടികൂടിയത്. റെയിൽവേ എസ്പി ജയമോഹന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പാറശാലയിൽ വച്ച് റെയിൽവേ സിഐ സി.പി.കരുണാകരൻ, പാറശാല റേഞ്ച് എസ്ഐ അനിൽകുമാർ, എഎസ്ഐ ഷിബു എന്നിവർ ഉൾപ്പെട്ട സംഘം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികൾ പിടിച്ചെടുത്തത്.

Top