ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു; ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയില്‍ അനുശാസിക്കുന്നത് ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളര്‍ത്തുകയെന്നതാണ് പൗരന്റെ കടമയെന്നാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാസര്‍കോട് ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പറഞ്ഞു. യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഭരണഘടന സ്ഥാനത്തിരിക്കുന്നവര്‍ അതിന് നേതൃത്വം നല്‍കുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് കാണുന്നത്. ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് ഗവേഷണത്തിനായി ചിലവഴിക്കുന്ന തുക കൂടുതലും അശാസ്ത്രീയമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്ര പുരോഗതിക്ക് ഗവേഷണം അനിവാര്യമാണ്. എന്നാല്‍ രാജ്യം ഗവേഷണത്തിന് പ്രോത്സാഹനം നല്‍കുന്നില്ല. ശാസ്ത്ര ഗവേഷണത്തിന് കുറവ് തുക ചെലവാക്കുന്നു രാജ്യമാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി ആരോപിച്ചു. മൂന്നര പതിറ്റാണ്ട് കൊണ്ട് ശാസ്ത്ര കോണ്‍ഗ്രസിന് മാറ്റങ്ങള്‍ സംഭവിച്ചു. ശാസ്ത്ര ബോധവും യുക്തിചിന്തയും വളര്‍ത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. രാജ്യത്തിന് കേരളം മാതൃകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശാസ്ത്ര ബോധത്തിന് ഗുണകരമല്ലാത്ത പ്രവണതകള്‍ നാട്ടില്‍ നടക്കുന്നുണ്ട്. രാജ്യത്ത് യുക്തി ചിന്തയ്ക്ക് പകരം കെട്ടുകഥകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ കേരളം ഇവിടെയെല്ലാം വേറിട്ട് നില്‍ക്കുന്നു. ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പം ഉയരാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top