വിമാനത്തിലെ വധശ്രമം: കെ എസ് ശബരിനാഥൻ അറസ്റ്റില്‍

വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്നക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തി. സർക്കാർ അഭിഭാഷകനാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ തിരുവനന്തപുരം സെഷൻസ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനെ വധശ്രമമായി ചിത്രീകരിക്കുന്നത് ഭീരുത്വമാണെന്ന് ശബരീനാഥൻ പറഞ്ഞു. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സാധാരണപോലെയുള്ള ഒരു പ്രതിഷേധമാണ് സംഘടിപ്പിച്ചത്. വടിവാൾ പോയിട്ട് ഒരു പേനപോലും അവരുടെ കയ്യിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടില്ലെന്ന കെപിസിസി പ്രസിഡണ്ടിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Top