വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു; ഫാദര്‍ ഡിക്രൂസിനെതിരെ എഫ്‌ഐആര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പൊലീസിന്റെ എഫ്‌ഐആർ. ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ചേരിതിരിവിന് ശ്രമിച്ചു. മന്ത്രി വി അബ്ദുറഹിമാന് എതിരായ പരാമർശം ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറിൽ പറയുന്നു.

മതത്തിന്റെയും വംശത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു. ആളുകളെ പ്രകോപിപ്പിച്ച് സമാധാനലംഘനം ഉണ്ടാക്കാനായിരുന്നു ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് ശ്രമിച്ചതെന്നും എഫ്‌ഐആറിൽ കുറ്റപ്പെടുത്തുന്നു. വിവാദ പ്രസംഗത്തിൽ ഫാദർ ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രസംഗത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസും ലത്തീൻ അതിരൂപയും ഇന്നലെ ക്ഷമാപണം നടത്തിയിരുന്നു.

അതിനിടെ, തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് നെറ്റോക്കെതിരെ വിഴിഞ്ഞം പൊലീസ് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇന്നലെ വിഴിഞ്ഞം തുറമുഖത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തത്. തുറമുഖത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതാണ് രണ്ടാമത്തെ കേസ്. രണ്ടു കേസുകളിലും ബിഷപ്പ് തോമസ് നെറ്റോയാണ് ഒന്നാം പ്രതി.

Top