സ്വകാര്യ ആശുപത്രിയിലെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദറാ(62) ണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു മാതാവ്. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയും മാതാവും പരാതി നല്‍കാന്‍ തയ്യാറായില്ല. മാതാവ് ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്.

ഈ വിവരം പോലീസ് ശിശുക്ഷേമസമിതിയെ അറിയിക്കുകയും കേസില്‍ ഇടപെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ വെള്ളിമാടുകുന്ന് ഗേള്‍സ്ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു.പിന്നീട് ചേവായൂര്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ആഖേഷിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നഴ്‌സിന്റെ പരാതിയില്‍ കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. അഡീഷണല്‍ എസ്.ഐ. ഷാജിക്കാണ് അന്വേഷണച്ചുമതല.

Top