പീഡിപ്പിക്കാന്‍ ശ്രമം; 45-കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് വെട്ടിമാറ്റി യുവതി

ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45-കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് വെട്ടിമാറ്റിയത്.
സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ സ്ത്രീ തന്നെയാണ് പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി വിവരം പറഞ്ഞത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി
പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. 45-കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന്‍ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീയെ ആദ്യം മര്‍ദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു.

ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെയാണ് കട്ടിലിനടിയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് സ്ത്രീ 45-കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. അര്‍ധരാത്രി 1.30-ഓടെ സ്ത്രീ തന്നെയാണ് പൊലീസ് ഔട്ട് പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി 45-കാരനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

Top