വര്‍ക്കലയില്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങാന്‍ ശ്രമം; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കല നഗരസഭക്ക് മുന്നില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. കഠിനംകുളം ചാന്നാങ്കര തോപ്പില്‍ വീട്ടില്‍ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തില്‍ അങ്ങതില്‍ പുത്തന്‍വീട്ടില്‍ സജീബ് (38) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ നഗരസഭക്ക് മുന്നിലെ ബസ് സ്റ്റോപ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്. പൊലീസ് അന്വേഷണത്തില്‍ പുത്തന്‍ചന്ത ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച ശേഷം പ്രതികള്‍ നമ്പര്‍ പ്ലേറ്റ് നിരീക്ഷണ കാമറകളില്‍ പതിയാത്ത വിധത്തില്‍ മറച്ചുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ ഫവാസിനെതിരെ വധശ്രമത്തിനും ആംഡ് ആക്ട് പ്രകാരവും കഠിനംകുളം സ്റ്റേഷനില്‍ കേസുണ്ട്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top