അട്ടപ്പാടിയില്‍ തേക്ക് മുറിച്ച് കടത്താന്‍ ശ്രമം; തടഞ്ഞ് വനംവകുപ്പ്

പാലക്കാട്: അട്ടപ്പാടിയില്‍ റിസീവറുടെ മേല്‍നോട്ടത്തിലുള്ള സ്ഥലത്തു നിന്ന് തേക്ക് മുറിച്ച് കടത്താനുള്ള ശ്രമം തടഞ്ഞ് വനം വകുപ്പ്. അഗളി നായ്ക്കര്‍പാടിയിലാണ് 80 ലധികം തേക്കുമരങ്ങള്‍ മുറിച്ചത്. അനുമതിയില്ലാതെയുള്ള മരം മുറിക്കെതിരെ വനം വകുപ്പ് കേസെടുത്തു.

അവധിയുടെ മറവിലാണ് തേക്കു മരങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. 35 തേക്കുകള്‍ മുറിച്ചിട്ട നിലയിലും 46 തേക്കുകള്‍ പിഴുതെടുത്ത നിലയിലുമായിരുന്നു. ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ആര്‍.ജയേന്ദ്രന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് നിയമലംഘനം പിടികൂടിയത്. മരങ്ങള്‍ ഓരോന്നും നമ്പരിട്ട് അടയാളപ്പെടുത്തി. അടുത്ത ദിവസം വനം വകുപ്പിന്റെ ഡിപ്പോയിലേക്ക് മാറ്റും

നിയമലംഘനം നടത്തിയയാള്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. വിഷയം കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. മരം മുറി സംബന്ധിച്ച് റവന്യു വകുപ്പും അന്വേഷണം നടത്തും. തഹസില്‍ദാരോട് നേരിട്ടെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top