ജയിലിനുള്ളിലേക്ക് സിം കാര്‍ഡ് ഒളിപ്പിച്ചു കടത്താന്‍ ശ്രമം; പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സ്വര്‍ണം പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കൊയിലാണ്ടി ജയിലിന് ഉള്ളിലേക്ക് സിംകാര്‍ഡ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതിനാണ് പ്രതി ഷംഷാദിനെതിരെ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൊയിലാണ്ടി ജയിലിലേക്ക് കൈമാറിയപ്പോള്‍ ജയില്‍ അധികൃതര്‍ നടത്തിയ സ്‌ക്രീനിങ്ങിലാണ് ഷംഷാദിന്റെ ശരീരത്തില്‍ ഒളിപ്പിച്ച സിം കാര്‍ഡും മെമ്മറി കാര്‍ഡും പിടികൂടിയത്.

ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കി കടത്തു സംഘത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഷംസാദ് പിടിയിലാകുന്നത്.

സ്വര്‍ണ്ണം പിടിച്ചെടുത്തെന്ന് വ്യാജരേഖയുണ്ടാക്കിയ കേസിലെ മറ്റൊരു പ്രതി ഹനീഫയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഷംഷാദ് പിടിയിലാകുന്നത്. ഈ കേസില്‍ തെളിവെടുപ്പിന് ശേഷം ജയിലിലേക്ക് കൊണ്ടുപോയപ്പോഴാണ് സിം കാര്‍ഡ് കടത്താന്‍ ശ്രമിച്ചത്.

 

Top