കൊച്ചി വിമാനത്താവളം വഴി വിദേശ കറൻസി കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 24 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശി പിടിയിൽ. ഡോളർ, സൗദി റിയാൽ, യുഎഇ ദിർഹം എന്നീ കറൻസികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രോളിബാഗിന്റെ ഹാൻറിലിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറൻസി. വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി പാസ്‌പോർട്ട് രേഖകളിൽ നിന്നും വ്യക്തമായതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കറൻസി പിടികൂടിയത്.

ചോദ്യം ചെയ്യലിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങി ഗൾഫിലേക്ക് കൊണ്ടുപോകുകയും തിരികെ വരുമ്പോൾ പെർഫ്യൂമുകൾ കൊണ്ടുവന്ന് ഇവിടെ കച്ചവടം ചെയ്യുകയുമായിരുന്നെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.

നിലിവിൽ സ്വർണത്തിന് വൻ വില വർധനവുണ്ടായ സാഹചര്യത്തിൽ വിദേശത്തു നിന്നും വാങ്ങി കേരളത്തിലേക്ക് കടത്താമെന്ന ഉദ്ദേശത്തിലാണ് വിദേശ കറൻസി കൊണ്ടുപോകാൻ ശ്രമിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണിയാണെന്നാണ് കസ്റ്റംസ് വിഭാഗകത്തിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Top