മലപ്പുറത്ത് ഭക്ഷ്യസാധനങ്ങളുടെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമം

മലപ്പുറം: മലപ്പുറം എടക്കരയില്‍ ഭക്ഷ്യസാധനങ്ങളുടെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട്‌പേരെ പിടികൂടി. ആനമറി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

നേന്ത്രക്കായ നിറച്ച വാഹനത്തില്‍ ജില്ലയിലേക്ക് കടത്തുകയായിരുന്ന പതിനാല് ചാക്ക് ലഹരി വസ്തുക്കളുമായാണ് രണ്ട് പേര്‍ വഴിക്കടവില്‍ എക്‌സൈസ് അധികൃതരുടെ പിടിയിലായത്. പെരിന്തല്‍മണ്ണ കോഡൂര്‍ വടക്കേമണ്ണ കൊളക്കാടന്‍ മൊയ്തീന്‍, പെരിന്തല്‍മണ്ണ മുണ്ടക്കോട് പെരുവന്‍ കുഴിയില്‍ അബ്ദു എന്നിവരാണ് പിടിയിലായത്.

മൈസൂരുവില്‍ നിന്നും മലപ്പുറത്തേക്ക് വന്ന ബൊലേറോ പിക്കപ്പിലാണ് നേന്ത്രക്കായ നിറച്ച വാഹനത്തില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. പതിനാല് ചാക്കുകളിലായി 12000 ചെറു പാക്കറ്റ് ലഹരി വസ്തുക്കള്‍ വാഹനത്തില്‍ നിന്നും കണ്ടെടുത്തു.വാഹനത്തിലെ ഡ്രൈവര്‍ മൊയ്തീന്റെ പേരില്‍ സമാന കേസുകള്‍ നിലവിലുണ്ട്.

Top