വയോധികയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റിൽ

arrest

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ എത്തിയസംഘം കട തീ കത്തിച്ച് നശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൂക്കുപാലം പ്രകാശ്ഗ്രാം മിനു നിവാസ് ശശിധരന്‍ പിള്ളയുടെ കുടുംബത്തിന് നേരെയാണ്  ആക്രമണം നടന്നത്. ഇന്ന് രാവിലെ 7.20 യോടെ ആണ് സംഭവം. സിപിഐ നേതാവും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗവുമായ അജീഷ് മുത്തുകുന്നേലിന്റെയും ശൂലപാറ സ്വദേശി ബിജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.

കടയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ശശിധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിയെ മര്‍ദിച്ചു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വയോധിക ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കട അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. സമീപത്തുള്ള വീട്ടില്‍ എത്തിയും ഭീഷണി മുഴക്കി. കടയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു.

സമൂഹ മാധ്യമത്തില്‍ കമന്റിട്ടതിനെ തുടര്‍ന്ന്, കേസിലെ പ്രതിയായ ബിജു ഏതാനും ദിവസം മുന്‍പ്, കടയ്ക്കുള്ളില്‍ വെച്ച് മറ്റൊരാളുമായി സംഘർഷത്തിൽ ഏര്‍പ്പെട്ടിരുന്നു. കടയ്ക്കുള്ളില്‍ ഇത് പാടില്ല എന്ന് പറഞ്ഞ ശശിധരന്‍ പിള്ളയെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സി ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റ തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Top