ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ ഇറച്ചിക്കഷണം എറിഞ്ഞ് കലാപത്തിനു ശ്രമം; മുഖ്യപ്രതി അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിൽ ഇറച്ചിക്കഷണം എറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. 10,000 രൂപ നൽകി കശാപ്പുകാരനെക്കൊണ്ട് കൃത്യം ചെയ്യിപ്പിച്ച ചഞ്ചൽ ത്രിപാഠിയാണ് അറസ്റ്റിലായത്. നാട്ടിൽ സാമുദായിക സ്പർധയ്ക്കിടയാക്കിയ സംഭവത്തിലാണ് ഒടുവിൽ മുഖ്യപ്രതിയെ പിടികൂടിയത്.കന്നൗജ് ജില്ലയിലെ ടാൽഗ്രമിലുള്ള ക്ഷേത്രത്തിലാണ് കഴിഞ്ഞ ജൂലൈ 16ന് ഇറച്ചികഷണം കണ്ടെത്തിയത്.

സംഭവം നാട്ടിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ കശാപ്പുകാരനായ മൻസൂർ കാശായ് 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചഞ്ചൽ ത്രിപാഠി എന്നയാളാണ് തന്നെ ക്ഷേത്രത്തിൽ ഇറച്ചി ഇടാൻ ഏൽപിച്ചതെന്ന് മൻസൂർ പൊലീസിനോട് പറഞ്ഞു. ഇതിനായി 10,000 രൂപ വാഗ്ദാനം ചെയ്ത കാര്യവും പ്രതി വെളിപ്പെടുത്തി. എന്നാൽ, സംഭവത്തിനു പിന്നാലെ ചഞ്ചൽ ഒളിവിൽ പോയിരുന്നു.

അന്നത്തെ ടാൽഗ്രം പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഹരിശ്യാം സിങ്ങുമായുള്ള പകതീർക്കാനാണ് ചഞ്ചൽ ത്രിപാഠി ഇത്തരമൊരു പണിയൊപ്പിച്ചതെന്ന് എസ്.പി കൻവാർ അനുപം സിങ് പറഞ്ഞു. ക്ഷേത്രത്തിൽ ഇറച്ചി ഇട്ടാൽ കലാപമുണ്ടാകുമെന്നും ഹരിശ്യാമിന്റെ സ്ഥലംമാറ്റത്തിലേക്ക് ഇതു നയിക്കുമെന്നും പ്രതീക്ഷിച്ചായിരുന്നു ഇയാൾ കൃത്യത്തിന് ആളെ ഏൽപിച്ചതെന്നും മൻസൂർ വെളിപ്പെടുത്തിയതായി അനുപം സിങ് പറഞ്ഞു.
സംഭവത്തിനു പിന്നാലെ ഹരിശ്യാം സിങ്ങിനെ സ്ഥലംമാറ്റിയിരുന്നു. അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ മിശ്രയ്ക്കും എസ്.പിയായിരുന്ന രാജേഷ് ശ്രീവാസ്തവയ്ക്കും എതിരെയും നടപടിയുണ്ടായി.

Top