തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസി പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭര്‍ത്താവ് ആശുപത്രിയില്‍ പോയ സമയത്ത് അയല്‍വാസി വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

സ്ത്രീയുടെ ഭര്‍ത്താവ് ഏറെനാളായി വൃക്കരോഗിയാണ്. അഞ്ച് മാസം മുമ്പാണ് ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിന് സ്വന്തം വൃക്ക ദാനം ചെയ്തത്. സംഭവദിവസം തുടര്‍പരിശോധനയ്ക്കായി ഭര്‍ത്താവ് മകനുമൊപ്പം ആശുപത്രിയില്‍പോയ സമയത്താണ് അയല്‍വാസിയായ സുഗുണന്‍ എന്നയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയതെന്നാണ് പരാതി.

ഈ സമയത്ത് വീട്ടിലെ പ്രായമായ ഭര്‍തൃമാതാവും മകളും ഉറങ്ങുകയായിരുന്നു. അടുക്കളയില്‍ പാചകംചെയ്യുകയായിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. പീഡന ശ്രമത്തനിടെ ഇയാളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് വീട്ടമ്മ പീഡനശ്രമം ചെറുക്കുകയും തിരിച്ച് ആക്രമിക്കുകയും ചെയ്തതോടെ പ്രതി വീട്ടില്‍നിന്ന് ഇറങ്ങിയോടി. വീട്ടമ്മ ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഗുണനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

Top