മുന്‍വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: വര്‍ക്കലയില്‍ ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല വെട്ടൂര്‍ ചുമട്താങ്ങി ജംഗ്ഷന് സമീപം ബൈക്കില്‍ സഞ്ചരിച്ച ആസാദ് (32) എന്ന യുവാവിനെ ആണ് ബുള്ളറ്റില്‍ എത്തിയ സഹോദരങ്ങള്‍ ആയ ഷൈജുവും മാഹിനും വാള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മുന്‍വൈരാഗ്യവും കുടിപ്പകയുമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മാസങ്ങള്‍ക്ക് മുന്‍പ് ഷൈജുവിനെ ആസാദ് വെട്ടി പരിക്കേല്പിച്ചിരുന്നു. ഇതിന് പകരം വീട്ടാന്‍ ആണ് സഹോദരന്‍ ആയ മാഹിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. 12 ഓളം വെട്ടുകള്‍ ആണ് ആസാദിന്റെ ശരീരത്തില്‍ ഉള്ളത്.

ഗുരുതര പരിക്കുകളോടെ യുവാവിനെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെയും ദൃക്സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഷൈജു, മാഹിന്‍ എന്നിവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. വര്‍ക്കല ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടും എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

 

Top