പ്രണയ നൈരാശ്യം; യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താൻ ശ്രമം

തൃശൂർ: തൃശൂർ എംജി റോഡിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. നടുവിലാലിന് സമീപമാണ് സംഭവമുണ്ടായത്.

ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശിയായ യുവതിയെ ആണ് പ്രതി കുത്തിയത്. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ കൈയിൽ കരുതിയിരുന്ന ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. യുവതി നിലവിളിച്ചതോടെ സമീപത്തുള്ളവർ ഓടിയെത്തി ഇയാളെ കീഴ്‌പ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്. യുവതിയെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായി ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നതായാണ് വിഷ്ണു പറയുന്നത്. എന്നാൽ ഏറെക്കാലമായി തമ്മിൽ കാണാത്തതിനാലാണ് തൃശൂരിലെത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ യുവതിയെ വിഷ്ണു പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇയാൾ മേത്തലയിൽ ബാർബറായി ജോലി ചെയ്തു വരികയാണ്.

Top