ഓട്ടോ വിളിച്ച് ഡ്രൈവറെ കൊല്ലാന്‍ ശ്രമം, വാഹനം കത്തിച്ചു; കോട്ടയത്ത് രണ്ടുപേര്‍ പിടിയില്‍

കോട്ടയം: ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയും വാഹനം കത്തിയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27), പാലാ പള്ളിത്താഴെ വൈശാഖ് (28) എന്നിവരെ കോട്ടയം ഗാന്ധി നഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരേ പെണ്‍കുട്ടിയെ ഇരു യുവാക്കള്‍ പ്രണയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിന് സമീപം ഒക്ടോബര്‍ 29 ന് രാത്രി പത്ത് മണിയ്ക്കാണ് ആക്രമണം നടന്നത്. ഓട്ടോ ഡ്രൈവര്‍ പാലാ പൂവരണി കല്ലുവെട്ട് കുഴിയില്‍ അഖിലി(21)നെയാണ് ആക്രമിച്ചത്. വൈശാഖ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചതോടെ വൈശാഖും അഖിലും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നെന്ന് ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാര്‍ പറഞ്ഞു.

യാത്ര ചെയ്യാനെന്ന വ്യാജേനെ പാലാ പൈകയില്‍ നിന്ന് വിഷ്ണു അഖിലിന്റെ ഓട്ടോറിക്ഷ വിളിച്ചുവരുത്തി. തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വരെ പോകണമെന്ന് ആവശ്യപ്പെട്ടു. കോളജിലെത്തിയപ്പോള്‍ അടുത്തുള്ള ക്വാര്‍ട്ടേഴ്സുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോകാന്‍ ഇയാള്‍ പറഞ്ഞു. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ അഖിലിന്റെ കഴുത്തില്‍ കത്തിവച്ച് വിഷ്ണു ഭീഷണിപ്പെടുത്തി.

ഭയചകിതനായി അഖില്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ഓടി സമീപത്തുള്ള കടയിലെത്തി, കടക്കാരനോട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന്, ഇയാള്‍ പൊലീസിനെ അറിയിച്ചു. യുവാവ് ഓടി രക്ഷപ്പെട്ട സമയം വിഷ്ണു വാഹനം പൂര്‍ണമായി കത്തിച്ചു. അഗ്‌നിശമന സേന എത്തിയാണ് തീ കെടുത്തിയത്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Top