കാർഷിക വായ്പ നൽകിയില്ല ; ബാങ്ക് മാനേജർക്കെതിരെ കൊലപാതക ശ്രമം

crime

തൃശ്ശൂർ: തൃശ്ശൂരിൽ കാർഷിക വായ്പ നല്കാത്തതിനു ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം. കാട്ടൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ വിപി രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബാങ്ക് മാനേജറെ കൊലപ്പെടുത്താൻ ശ്രമിച്ചത്തിന് കാട്ടൂർ സ്വദേശി വിജയരാഘവൻ അറസ്റ്റിലായി. രാവിലെ 9 മണിയോടെ ബാങ്ക് തുറക്കാൻ എത്തിയപോഴാണ് രാജേഷിന് നേരെ ആക്രമണം ഉണ്ടായത്.

കറുത്ത ആക്റ്റീവ സ്കൂട്ടറിൽ എത്തിയ അക്രമി ഇരുമ്പ് വടി കൊണ്ട് ബാങ്ക് മാനേജരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കൃത്യം നിർവ്വഹിച്ച ഉടനെ തന്നെ അക്രമി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്നാണ് ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കാർഷിക വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരും വിജയരാഘവനും തമ്മിൽ തർക്കമുണ്ടായിരുന്നു. മാസങ്ങൾക്കു മുൻപ് വിജയ രാഘവന് കാർഷിക വായ്‌പ ഏതാണ്ട് ശരിയായിരുന്നു.

കോവിഡ് കാരണങ്ങളാൽ ഒരു മാസത്തോളം വിജയരാഘവന് ബാങ്ക് നടപടികളിൽ പങ്കെടുക്കാനായില്ല. ഇതിനിടെയാണ് പുതിയ മാനേജർ എത്തിയത്. വായ്‌പ നൽകുന്നതിന് പുതിയ മാനേജർ കാണിച്ച വൈമുഖ്യമാണ് ആക്രമണത്തിന് കാരണം എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Top