സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമം;വി.കെ മധുവിനെതിരെ പാര്‍ട്ടി അന്വേഷണം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ മധുവിനെതിരേ പാര്‍ട്ടി അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ജി സ്റ്റീഫന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.

അരുവിക്കരയിലേക്ക് വികെ മധുവിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിരുന്നത്. പിന്നീട് സംസ്ഥാന സെക്രട്ടേറിയേറ്റാണ് മണ്ഡലത്തില്‍ സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വികെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് സൂചന. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലിയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുവിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശപ്പെട്ട പ്രവണതകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണവും തേടും.

 

Top