ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുവിള കൊച്ചുപ്പള്ളി പറമ്പ് പുരയിടത്തില്‍ വര്‍ഗ്ഗീസ് (40) നെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മത്സ്യതൊഴിലാളിയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് വര്‍ഗ്ഗീസ് ഭാര്യ ജെസിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

ജെസിയുടെ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയായിരുന്നു മര്‍ദ്ദനമെന്നും മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ബോധരഹിതായി കിടന്ന ജെസി ഏറെ നേരത്തിന് ശേഷം ബോധം വന്നതിന് പിന്നാലെ വീടിന് പുറത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും യുവതിയുടെ അച്ഛന്‍ സില്‍വ ദാസ് പറഞ്ഞു.

വീണ്ടും ജെസിയെ മര്‍ദ്ദിക്കാന്‍ വര്‍ഗ്ഗീസ് ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് തടഞ്ഞു. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് പിടിയിലായ വര്‍ഗ്ഗീസ് ഭാര്യയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും ഇത് സംബന്ധിച്ച് നേരത്തെയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അറസ്റ്റിലായ വര്‍ഗ്ഗീസിനെതിരെ സ്ത്രീപീഡനം, വധശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കാഞ്ഞിരം കുളം പൊലീസ് കേസെടുത്തു.

 

Top