ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ദില്ലി: ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ക്യാംപസിനകത്ത് നടക്കുകയായിരുന്ന രണ്ട് പെണ്‍ക്കുട്ടികളെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇവര്‍ മദ്യപിച്ചിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്.

സാധാരണ ജെഎന്‍യു ക്യാംപസില്‍ രാത്രി സമയങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേസമയം പുറത്തു നിന്ന് ആളുകള്‍ക്ക് വാഹനത്തില്‍ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നതിനിടെ കാറിലെത്തിയവര്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വാഹനം നിര്‍ത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടി.

ഓടിക്കൂടിയ മറ്റ് കുട്ടികളെ കാറിലെത്തിയവര്‍ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയതോടെ ഇവര്‍ കാര്‍ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജെഎന്‍യു ക്യാംപസ് ഞെട്ടലിലാണ്. പെണ്‍കുട്ടികള്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Top