‘ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷ’; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ ജർമ്മനി

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരണവുമായി ജർമ്മനി. രാഹുലിന്റെ കേസിൽ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങൾ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജർമ്മൻ വിദേശകാര്യമന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും പിന്നാലെയുണ്ടായ അയോഗ്യനാക്കൽ നടപടിയും ശ്രദ്ധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ രാഹുലിന് അപ്പീലിന് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജർമ്മൻ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

കോടതി വിധി നിലനിൽക്കുമോയെന്നും രാഹുലിനെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് അതിന് ശേഷമേ വ്യക്തമാകു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളും കേസിൽ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജർമ്മനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി കേസിലെ സൂറത്ത് കോടതി വിധിയെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ മോദി വിരുദ്ധ പരാമർശത്തിന്റെ പേരിലായിരുന്നു കേസ്.

സമാന കേസിൽ പാറ്റ്‌ന കോടതിയിൽ ഹാജരാകാനും രാഹുലിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 12ന് ഹാജരായി മൊഴി നൽകണമെന്നാണ് നിർദേശം. എന്നാൽ തീയതി നീട്ടി ചോദിക്കാനുള്ള ആലോചനയിലാണ് കോൺഗ്രസ്. ഏപ്രിൽ അഞ്ചിലെ കോലാർ സന്ദർശനത്തിന് മുൻപ് കേസിൽ രാഹുൽ അപ്പീൽ ഫയൽ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിൻ പുരോഗമിക്കുകയാണ്.

അതേസമയം, ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടി ദില്ലി പൊലീസ് നൽകിയ നോട്ടീസിന് രാഹുൽ ആവശ്യപ്പെട്ട സാവകാശം ഇന്ന് അവസാനിക്കും. പീഡനത്തിനിരയായ നിരവധി പെൺകുട്ടികൾ തന്നെ വന്ന് കണ്ടിരുന്നുവെന്ന ശ്രീനഗർ പ്രസംഗത്തിന്റെ പേരിലാണ് ദില്ലി പൊലീസ് രാഹുലിന് നോട്ടീസ് നൽകിയത്.

Top