ഗോത്രഭാഷ ചലച്ചിത്ര മേളയ്‌ക്കൊരുങ്ങി അട്ടപ്പാടി

കൊച്ചി: ഗോത്രഭാഷ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമേളയ്ക്ക് അട്ടപ്പാടി വേദിയാകുന്നു. ഓഗസ്റ്റ് 7 മുതല്‍ 9 വരെയാണ് നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍. മേളയുടെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. സംവിധായകന്‍ വിജീഷ് മണിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ രൂപീകരിച്ച ഫിലിം ക്ലബാണ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്. ഗോത്രമേഖലയില്‍ ഉള്‍പ്പെടെ പുതുമുഖ കലാകാരന്‍മാരെ സിനിമയിലേക്ക് പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഫിലിംക്ലബ് രൂപീകരിച്ചിരിക്കുന്നത്. ഗോത്ര കലാകാരന്‍ ഈശ്വരന്‍ സംവിധാനം ചെയ്ത് ഫിലിം ക്ലബ് സഹകരിക്കുന്ന ആദ്യ സിനിമയായ ‘കൊകല്‍’ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോക ആദിവാസി ദിനമായ ഓഗസ്റ്റ് 9 നാണ് മേളയുടെ സമാപനം.

കൊഗല്‍, കുറുമ്പ ഭാഷയില്‍ വിജീഷ് മണി സംവിധാനം ചെയ്ത മ്….( സൗണ്ട് ഓഫ് പെയിന്‍) ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രഭാഷ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പ്രധാന ചലച്ചിത്രമേളകളില്‍ ഗോത്രഭാഷ സിനിമകള്‍ക്ക് അര്‍ഹമായ പരിഗണ കിട്ടാത്തതാണ് സമാന്തര ചലച്ചിത്രമേള എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജീഷ് മണി പറഞ്ഞു. ഇരുള, മുഡുക, കുറുമ്പ ഭാഷകളില്‍ സിനിമകളിലൊരുക്കിയ വിജീഷ് കാടര്‍ ഭാഷയിലടക്കം പത്ത് ഗോത്രഭാഷകളില്‍ സിനിമകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Top