attappadi -FCI- wheat-worms

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കു പോഷകാഹാരം തയ്യാറാക്കാനായി എഫ്‌സിഐയില്‍നിന്നു നല്‍കിയ ഗോതമ്പില്‍ നിറയെ പുഴുക്കള്‍.

അഗളി താവളത്ത് ‘അമൃതം ഫുഡ്’ എന്ന പേരിലുള്ള കുടുംബശ്രീ യൂണിറ്റില്‍ രാവിലെ എത്തിച്ച എട്ട് ടണ്‍ വരുന്ന ഒരു ലോഡ് ഗോതമ്പിലാണു പുഴുക്കളെ കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിട്ടു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കു നല്‍കാനാണ് അമൃതം എന്ന ബ്രാന്‍ഡില്‍ പ്രത്യേക ആഹാരക്കൂട്ട് തയ്യാറാക്കി നല്‍കുന്നത്. അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്.

അതേസമയം, ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പാലക്കാട് എംപി, എം.ബി.രാജേഷ് പറഞ്ഞു. ഉത്തരവാദികളായ എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top