അട്ടപ്പാടി മധുക്കൊലക്കേസ്: 20-ാം സാക്ഷിയും കൂറുമാറി

ട്ടപ്പാടി മധുകൊലക്കേസിൽ 20-ാം സാക്ഷി മരുതനും കൂറുമായി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പത്തായി. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷൻ ജീവനക്കാരനാണ് മരുതൻ. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. നേരത്തെ രഹസ്യ മൊഴി നൽകിയ എട്ട് പേർ മൊഴിമാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ട് പേരും പോലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. കേസിലെ 16 പ്രതികൾക്കും ജാമ്യം ലഭിച്ചതിനാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതാകാമെന്നാണ് വിലയിരുത്തൽ. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷമാകും അറസ്റ്റിൽ അന്തിമ തീരുമാനം പോലീസ് കൈക്കൊള്ളുക.

Top