അട്ടപ്പാടി മധു കേസ്; ഇന്ന് രണ്ട് സാക്ഷികൾ ഹാജരായില്ല, തിങ്കളാഴ‍്‍ച മുതൽ ദിവസം 5 സാക്ഷികൾ ഹാജരാകണം

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഇന്ന് വിസ്തരിക്കാനുള്ള രണ്ടു സാക്ഷികളും ഹാജരായില്ല. ഇരുപത്തിയഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തിയാറാം സാക്ഷി ജയകുമാർ എന്നിവരാണ് ഹാജരാകാതിരുന്നത്. മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയിൽ ഇരുവരും ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച് കോടതി ഇരുവരുടേയും വിസ്താരം ഈ മാസം പത്തിലേക്ക് മാറ്റി. ക്രെയിൻ ഡ്രൈവർമാരാണ് ഈ രണ്ടു സാക്ഷികളും. സംഭവ ദിവസം അട്ടപ്പാടിയിൽ പോയെന്നും അവിടെ വച്ച് മധുവിനെയും പ്ലാസ്റ്റിക് ചാക്കിൽ കുറച്ച് അരിയും മുളക് പൊടിയും കണ്ടെന്നുമാണ് പൊലീസിന് നൽകിയ മൊഴി.

കേസിൽ വിസ്താരം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് വിചാരണ കോടതി. തിങ്കളാഴ്ച മുതൽ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കാനാണ് കോടതി തീരുമാനം. ഓഗസ്റ്റ് 31ന് അകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശവും നിലവിലുണ്ട്.

കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. രണ്ട് സാക്ഷികൾ കൂടി ഇന്നലെ കൂറുമാറിയിരുന്നു. കേസില്‍ ഇതുവരെ വിസ്തരിച്ചതിൽ മൊഴി മാറ്റാതിരിന്നത് രണ്ട് പേർ മാത്രമാണ്. കേസിൽ ആകെ 122 സാക്ഷികൾ ആണ് ഉള്ളത്.

സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യമൊഴി നൽകിയ ഏഴുപേര്‍ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തൽ.

Top