മധു കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം വരെ കാക്കാനാണ് ഹൈക്കോടതി നിർദേശം. വിചാരണ തുടങ്ങിയതിന് ശേഷം സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റിവെക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയിൽ വാദം നടത്താൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാർക്കാട് വിചാരണക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ മാറ്റാൻ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കിൽ പരാതിക്കാർ സർക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയായിരുന്നു.

Top