എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം; ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ്

വാഷിങ്ടണ്‍:ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം മുന്‍നിര്‍ത്തി ഇറാനെതിരെ യുദ്ധത്തിന് നീങ്ങുന്നതായ വാര്‍ത്തകള്‍ നിഷേധിച്ച് അമേരിക്ക. വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന ഗള്‍ഫ് യുദ്ധം ഒഴിവാക്കാനാണ് തങ്ങള്‍ നീക്കം നടത്തുന്നതെന്ന് യു.എസ് നേതൃത്വം വ്യക്തമാക്കി. അതേ സമയം നിലപാട് തിരുത്താന്‍ ഇറാന്‍ തയാറാകണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകള്‍ക്കു നേരെയാണ് ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമണം ഉണ്ടായത്.എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ്‌ അമേരിക്കയുടെ ആരോപണം. മേഖലയില്‍ യു.എസ് സൈനിക പടയൊരുക്കം ഊര്‍ജിതമാണെങ്കിലും ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മൈക് പാേംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ഗള്‍ഫ് സമുദ്രത്തില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പു വരുത്താന്‍ തങ്ങള്‍ ബാധ്യസ്തരാണെന്ന് അമേരിക്ക പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് നയതന്ത്ര തലം മുതല്‍ എല്ലാ വിധ നടപടികളും സ്വീകരിക്കാനാണ് യു.എസ് തീരുമാനം. റഷ്യ ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളുടെ എതിര്‍പ്പും ഇറാഖ് ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ നിസ്സഹരണവുമാണ് ഇറാനെതിരെ യുദ്ധം ഒഴിവാക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതിന്റെ പ്രധാന കാരണം.

അതേ സമയം ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്കു നേരയുണ്ടായ ആക്രമണം കണക്കിലെടുത്ത് സമുദ്രസുരക്ഷ മുന്‍നിര്‍ത്തി നൂറോളം നാവികരെ ഗള്‍ഫിലേക്ക് അയക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുകയാണ്.

Top