ജെഎന്‍യുവിലേത് സംഘടിത ആസൂത്രണം; ജാമിയ മിലിയ ആവര്‍ത്തിച്ചുവെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ജാമിയ മിലിയയില്‍ സംഭവിച്ചതിന്റെ ബാക്കിയാണ് ജെഎന്‍യുവിലുണ്ടായതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണം ജനാധിപത്യത്തിനും യുക്തിചിന്തകള്‍ക്കുമെതിരായ കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെ ആക്രമിക്കുന്നത് കേട്ടു കേള്‍വി ഇല്ലാത്ത കാര്യമാണ്. പൊലീസ് അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കയായിരുന്നു. അക്രമകാരികള്‍ ആരാണെങ്കിലും അവരെ തിരിച്ചറിഞ്ഞു നടപടി എടുക്കണം, ശിക്ഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ആക്രമണം പൊലീസ് നോക്കി നിന്നെന്നും കാമ്പസിന്റെ പൂര്‍വസ്ഥിതി ഉറപ്പാക്കാന്‍ വിസിയെ പുറത്താക്കിയേ മതിയാകൂയെന്നും യെച്ചൂരി പറഞ്ഞു. ജെഎന്‍യുവിലേത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമായി ഇതിനെ ആര്‍ക്കും ലഘൂകരിച്ച് കാണാനാകില്ല. ഇത് സംഘടിതമായ ആക്രമണമായിരുന്നു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അവരുടെ ആക്രോശങ്ങളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതിക്രമം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴും വൈസ് ചാന്‍സിലര്‍ സംഭവത്തില്‍ പ്രതികരിക്കുകയോ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുവാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമില്ല. ഇത് അദ്ദേഹത്തെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നു. വൈസ് ചാന്‍സിലര്‍ അടിയന്തിരമായി രാജിവയ്ക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയ്ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന ഇടതുപക്ഷമാണ് ബിജെപിയുടെ പ്രധാന എതിരാളി. ജെഎന്‍യുവില്‍ കണ്ടത് ഫാസിസ്റ്റ് നടപടികളും രീതികളുമാണ്. ചില വിഷയങ്ങളില്‍ എല്ലാവരും ഒന്നിച്ചുള്ള ചെറുത്ത് നില്‍പ്പ്, സമരങ്ങള്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.

തെരുവുവിളക്കുകള്‍ അണയ്ക്കുകയും മുഖം മറയ്ക്കുകയും ചെയ്തത് തങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്താതിരിക്കാന്‍ അക്രമകാരികള്‍ക്ക് നിബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്. പുറത്തുനിന്നുള്ളവരെത്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും അക്രമിക്കുന്നുവെന്നാണ് സര്‍വകലാശാല ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമായി ഇതിനെ ചിത്രീകരിച്ചു. എന്നാല്‍ അക്രമകാരികള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളല്ലെന്നും ഇവര്‍ ആയുധങ്ങളുമായി പുറത്തുനിന്നെത്തിയവരാണെന്നും വ്യക്തമായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

അക്രമകാരികള്‍ സംഘടിച്ചെത്തിയതിന്റെ വിവരങ്ങള്‍ വ്യക്തമാകുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ ആശയവിനിമയങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു. എപ്പോള്‍, ഏത് വഴി അക്രമം അഴിച്ചുവിടണമെന്ന് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. മുന്‍കൂട്ടിതയാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമകാരികള്‍ ക്യാമ്പസിനകത്ത് പ്രവേശിച്ചതെന്ന് വ്യക്തമാണ്. ഇത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അതിക്രമം മാത്രമല്ല. യുക്തിചിന്തയ്ക്കും ജനാധിപത്യത്തിനും എതിരായ അതിക്രമം കൂടിയാണെന്നും യെച്ചൂരി പറഞ്ഞു.

Top