സിറിയയില്‍ വീണ്ടും ആക്രമണം; നൂറിലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക്

സിറിയ: സിറിയയില്‍ സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം. സിറിയയില്‍ നടന്ന ആക്രമണത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായും 125ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളേജില്‍ ബിരുദദാന ചടങ്ങിനിടെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. സിറിയന്‍ പ്രതിരോധ മന്ത്രിയും ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ കൂടാതെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട കുടുംബങ്ങളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ‘തീവ്രവാദ സംഘടനകളാണെന്നാണ്’ സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പുറമെ, കുര്‍ദിഷ് അധീനതയിലുള്ള പ്രദേശത്ത് നടന്ന വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി കുര്‍ദിഷ് സേന അറിയിച്ചു.മധ്യ സിറിയന്‍ നഗരമായ ഹോംസില്‍, സൈനിക അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ബിരുദദാന ചടങ്ങിനെ സായുധ ഭീകര സംഘടനകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന വ്യക്തമാക്കി.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് പ്രകാരം, നൂറിലധികം പേര്‍ മരിച്ചതായും അതില്‍ പകുതിയോളം പേര്‍ സൈനിക ബിരുദധാരികളും 14 സാധാരണ പൗരന്മാരുമായിരുന്നു. കുറഞ്ഞത് 125 പേര്‍ക്കെങ്കിലും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവില്‍ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൈനിക പ്രസ്താവനയില്‍ പറയുന്നത്. ആക്രമണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോമിലെ ആക്രമണത്തിന് ശേഷം, വ്യാഴാഴ്ച വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയില്‍, വ്യാപകവും രൂക്ഷവുമായ ബോംബാക്രമണം നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top