ചെങ്ങന്നൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

ആലപ്പുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെങ്ങന്നൂര്‍ പേരിശ്ശേരി ഗ്രേസ് കോട്ടേജില്‍ ജോമോന്‍ (40) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.

ജോമോന്‍ മദ്യപിച്ച് ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ കഴുത്തിനും പുറത്തും കൈക്കും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടു കൊണ്ട ഭാര്യ ജോമോള്‍ നിലവിളിച്ചു കൊണ്ട് വീടിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് അടുത്തുള്ള വീട്ടില്‍ ഓടിക്കയറി.

അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും പൊലീസെത്തി ജോമോളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യനില ഗുരുതരമായതിനാല്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേ സമയം ജോമോനെ അന്വേഷിച്ചെത്തിയ പൊലീസ്, ജോമോനെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് നടപടികള്‍ക്കും കൊവിഡ് പരിശോധനക്കും ശേഷം മൃതദേഹം മാലക്കരയിലെ ആശുപത്രിയില്‍ നിന്നും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസ് എടുത്തു.

Top