തിരുവനന്തപുരത്ത് അര്‍ദ്ധരാത്രിയില്‍ എസ് എഫ് ഐ നേതാക്കളുടെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം എസ് എഫ് ഐ നേതാക്കളുടെ വീടിന് നേരെ ആക്രമണം നടത്തി. ധനുവച്ചപുരം വിറ്റി എം എന്‍ എസ് എസ് കോളേജിലെ എസ് എഫ് ഐ നേതാക്കളായ കല്ലിയൂര്‍ ആര്‍ സി ചര്‍ച്ചിന് സമീപം സച്ചിന്‍, വിഴിഞ്ഞം ചൊവ്വര അരുണ്‍ ഭവനില്‍ ആര്യ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആര്യയുടെ വീട്ടിന്റെ ജനാലകളുടെ പാളികളും മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകളും അടിച്ചു തകര്‍ത്ത അക്രമികള്‍ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന രണ്ടു ബൈക്കുകളും അടിച്ചു തകര്‍ത്തു.

ആര്യയുടെ മാതാപിതാക്കളും ഭര്‍ത്താവും സഹോദരനും വീട്ടിലുണ്ടായിരുന്നെങ്കിലും വധഭീഷണി മുഴക്കിയ ശേഷം അക്രമികള്‍ മടങ്ങുകയായിരുന്നു. കല്ലിയൂരില്‍ സച്ചിന്റെ വീടിന്റെ ജനാല ഗ്ലാസ്സുകള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്ത അക്രമി സംഘം മുന്‍വാതിലിന്റെ പൂട്ട് അടിച്ചു തകര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ വാതില്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആര്യയുടെ വീട്ടില്‍ ആക്രമണം നടത്തിയതെന്ന് സി സി ടി വി പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായും കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Top