നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം; സര്‍ക്കാരിനെതിരെ എന്‍എസ്എസ് രംഗത്ത്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരാണെന്ന് എന്‍എസ്എസ്.

നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നും വിശ്വാസം സംരക്ഷിക്കുവാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ വിശ്വാസികള്‍ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല യുവതി പ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും നിയമം എല്ലാവരും ബഹുമാനിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവായ ഫര്‍ഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ഇന്ത്യന്‍ സുപ്രീംകോടതി പരാമര്‍ശിച്ച വിഷയമാണിത്. അതിനാല്‍ ഈ വിഷയം ഇന്ത്യന്‍ അധികൃതര്‍ക്ക് വിടുകയാണ്. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന നിലപാട് തന്നെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ എന്നതാണ്.’ ഐക്യരാഷ്ട്രസഭ അറിയിച്ചു.

കൂടാതെ, കേന്ദ്രത്തില്‍ യു.പി.എ ഭരണമായാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് കെ.മുരളീധരന്‍ പറഞ്ഞത്.

സംസ്‌കാര ശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയിരിക്കുകയാണെന്നും കേരളത്തെ സംഘര്‍ഷത്തില്‍ നിന്ന് രക്ഷിക്കേണ്ട മുഖ്യമന്ത്രി മനപ്പൂര്‍വം കലാപങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണെന്നും ക്രമസമാധാന നില നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ സാധിക്കുന്നില്ലെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കുവാന്‍ കൂടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Top