മാവേലിക്കരയില്‍ ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

arrest

ആലപ്പുഴ: ആലപ്പുഴയിലെ മാവേലിക്കരയില്‍ ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.

കായംകുളം സ്വദേശി ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവര്‍ക്കാണ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. പുഴയുടെ തീരത്തു നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിദേശത്തു ജോലി ചെയ്യുന്ന ശിവപ്രസാദ് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനാണു ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം മാവേലിക്കരയിലെത്തിയത്.

ടിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെ ഇവര്‍ അച്ചന്‍കോവിലാറിന്റെ തീരത്തെ കണ്ടിയൂര്‍ കടവിലെത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്നവര്‍ കമിതാക്കളെന്ന് ആരോപിച്ച് ശിവപ്രസാദിനെയും ഭാര്യയെയും ചോദ്യം ചെയ്തു.

വിവാഹഫോട്ടോ കാണിച്ചിട്ടും ഇവര്‍ ശിവപ്രസാദിനെയും ഭാര്യയേയും മര്‍ദിച്ചു. പരിക്കേറ്റ ദമ്പതികള്‍ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടിയൂര്‍ സ്വദേശികളായ കണ്ണന്‍, അനന്തു, വസിഷ്ഠ്, അനൂപ്, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്.

Top