സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നേരെ ചാവേര്‍ ആക്രമണം; 26 പേര്‍ കൊല്ലപ്പെട്ടു

ദേര്‍ അല്‍ സോര്‍: സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.

ദേര്‍ അല്‍ സോര്‍ നഗരത്തിലായിരുന്നു സ്ഫോടനം. മരിച്ചവരില്‍ 12 പേര്‍ കുട്ടികളും ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു നിരീക്ഷണ സംഘടന അറിയിച്ചു.

ഈ മാസം മൂന്നിന് ദേര്‍ അല്‍ സോര്‍ നഗരത്തെ ഐഎസ് ഭീകര സംഘടനയുടെ പിടിയില്‍നിന്നു മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു.

ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങള്‍ ചേര്‍ത്ത് ഐഎസ് രൂപീകരിച്ച ഖാലിഫേറ്റ് അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സ്ഫോടനം.

ഖാലിഫേറ്റിന്റെ ആസ്ഥാനമായ റാഖാ അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് പിടിച്ചിരുന്നു. സിറിയയിലെ മറ്റു പല പ്രദേശങ്ങളില്‍ നിന്നും ഐഎസിനെ റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യം തുരത്തി.

ഇനി അല്‍ബുകമാല്‍, ഡമാസ്‌കസ് പ്രാന്തത്തിലുള്ള പ്രദേശം, സെന്‍ട്രല്‍ ഹമാ പ്രവിശ്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഐഎസ് സാന്നിധ്യമുള്ളത്. അല്‍ബുകമാലില്‍ നിന്ന് ഐഎസിനെ തുരത്തിയെങ്കിലും അവര്‍ പിന്നീട് പട്ടണം തിരിച്ചുപിടിക്കുകയായിരുന്നു.

Top