പലസ്തീന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

hamdulla

ഗാസാ: പലസ്തീന്‍ പ്രധാനമന്ത്രി റാമി ഹമദള്ളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പ്രധാനമന്ത്രിയും സംഘാംഗങ്ങളും തലനാരിഴയ്ക്ക് രക്ഷപെട്ടു. ഗാസാ മുനമ്പില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്.

ഹമാസിന്റെ ഭരണപരിധിയിലുള്ള പ്രദേശത്തേക്ക് കടന്നപ്പോഴാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ഏഴ് സുരക്ഷാ ജീവനക്കാര്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഹമദള്ളയെ ഉന്നംവച്ചുള്ള ഹമാസിന്റെ നീക്കമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു. സ്‌ഫോടനവിവരം അറിഞ്ഞെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് എന്നുമാണ് ഹമാസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.

ഹമാസും മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാര്‍ട്ടിയുമായുള്ള അനുരഞ്ജനനീക്കങ്ങള്‍ക്കായി എത്തിയ ഹമദുള്ളയുടെ യാത്ര അവതാളത്തിലാക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ഇരുകൂട്ടരും തമ്മില്‍ സമവായ കരാറില്‍ ഒപ്പിട്ടെങ്കിലും അത് നടപ്പായിരുന്നില്ല.

Top