സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ. നായര്‍ക്ക് നേരെ ആക്രമണം

കോട്ടയം :സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ. നായര്‍ക്ക് നേരെ ആക്രമണം. കല്ലറ- വെച്ചൂര്‍ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മൂന്നംഗ സംഘം വാള്‍ കൊണ്ട് വെട്ടി അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.45ന് ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം.

വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വീട്ടില്‍ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ച് മടങ്ങുകയായിരുന്നു ജയ്‌സണ്‍. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ കാര്‍ റോഡരികില്‍ നിര്‍ത്തി സംസാരിച്ചു. ഈ സമയത്ത് മൂന്ന് പേര്‍ കാറിന് പുറത്തുനിന്നുകൊണ്ട് ഗ്ലാസില്‍ തട്ടി. ഗ്ലാസ് തുറന്ന് വിവരം അന്വേഷിച്ചപ്പോള്‍ അപകടം നടക്കുന്ന വളവാണെന്നും കാര്‍ മാറ്റിയിടണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ മുന്നോട്ടുമാറ്റിയിട്ടപ്പോള്‍ വീണ്ടും വന്ന്, പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്നുപറഞ്ഞപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ജയ്‌സണ്‍ പറയുന്നു.

ഒരാള്‍, ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന വാള്‍ ഊരി വെട്ടാന്‍ ആഞ്ഞു. ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുകയും കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ജയ്‌സണ്‍ പറയുന്നു. 18 വയസില്‍ താഴെ പ്രായം തോന്നിക്കുന്ന മൂന്നുപേരാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും ജയ്‌സണ്‍ പരാതി നല്‍കിയിട്ടില്ല.

 

Top