കോഴിക്കോട് കോർപറേഷനിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റം

കോഴിക്കോട് : കോഴിക്കോട് കോർപറേഷനിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം. മാതൃഭൂമി ന്യൂസ് ക്യാമറമാൻ ജിതേഷ്, കേരളാ വിഷൻ ക്യാമറാമൻ വസീം അഹമദ്, റിപോർട്ടർ റിയാസ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്. എൽഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും ചേർന്നാണ് കൈയേറ്റം ചെയ്തത്. അതേസമയം പിഎന്‍ബി അക്കൗണ്ട് തട്ടിപ്പ് വിഷയത്തിൽ, കോഴിക്കോട് കോര്‍പറേഷന്‍ കൗൺസില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കൗണ്‍സില്‍ ഹാളില്‍ ചട്ടം ലംഘിച്ചെന്ന പേരില്‍ പതിനഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്റ് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പിഎന്‍ബി അക്കൗണ്ട് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ബളത്തില്‍ കലാശിച്ചത്.സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. അടിന്തര പ്രമേയം തള്ളിയതോടെ യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് കൗണ്‍സില്‍ നടപടികള്‍ തടസ്സപ്പെടുത്തി. പത്ത് മിനിറ്റ് മേയര്‍ കൗണ്‍സില്‍ നിര്‍ത്തിവെച്ചു. ചട്ടം ലംഘിച്ചെന്ന് കാണിച്ച് 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ ഇന്നത്തെ യോഗത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.ഇതിനിടെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാള്‍ വിടുകയും ചെയ്തു.

അടിയന്തിര പ്രമേയം തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. പിഎന്‍ബി തട്ടിപ്പില്‍ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ട മുഴുവന്‍ പണവും കോര്‍പ്പറേഷന് തിരിച്ച് കിട്ടിയതായി മേയര്‍ കൗണ്‍സിലില്‍ അറിയിച്ചു. ഇനി പലിശ മാത്രമാണ് കിട്ടാനുള്ളത്. അതിനായി ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ട്. പലിശ ഉടന്‍ നല്‍കുമെന്ന് ബാങ്ക് അറിയിച്ചതായി മേയര്‍ പറഞ്ഞു. ആര്‍ബിഐ ബാങ്കിങ്ങ് ഓംബുഡ്സ്മാന്‍ എന്നിവര്‍ക്ക് കോര്‍പറേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കോര്‍പറേഷന്‍ തൃപ്തരാണെന്ന് ഡ്യെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദും പറഞ്ഞു.

Top