കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച സംഭവം വാർത്തയായതിന് പിന്നാലെ നടപടിക്കൊരുങ്ങി പൊലീസ്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് ബൈക്ക് യാത്രികരായ യുവദമ്പതികളെ ആക്രമിച്ചതിനെക്കുറിച്ചുളള വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടത്. പൊലീസ് പരാതിയെക്കുറിച്ച് തിരക്കുക പോലും ചെയ്തില്ലെന്ന് ഇവർ ആരോപിച്ചിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടക്കാവ് പോലീസ് മെഡിക്കൽ കോളജിൽ എത്തി ദമ്പതികളുടെ മൊഴിയെടുത്തു. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ആണ് ദുരനുഭവം ഉണ്ടായത്. നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും ഇവർ രാത്രി തന്നെ രേഖാമൂലം പരാതി നൽകിയിരുന്നു.

ഇന്നലെ രാത്രിയാണ് 2 ബൈക്കുകളിലായി പിന്തുടർന്നിരുന്നവർ ഭാര്യയെ ശല്യം ചെയ്യുകയും. ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തത്. കോഴിക്കോട് ന​ഗരഹൃദയത്തിൽ വെച്ചാണ് സംഭവം. മർദ്ദനമേറ്റ അശ്വിന് താടിയെല്ലിന് പരിക്കേറ്റിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പോയിരുന്നു. അവിടെയെത്തിയാണ് നടക്കാവ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും നടക്കാവ് ഡിസിപി വ്യക്തമാക്കി. നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്നു അക്രമിക്കപ്പെട്ട അശ്വിൻ പറഞ്ഞു. “കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു.

യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാൽ ഞങ്ങൾക്കു ആക്രമണത്തിന്റെ വിഡിയോ എടുക്കാൻ പറ്റിയില്ല. മുൻപരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെൽമറ്റ് ഇട്ടിരുന്നതിനാൽ അതിനിടയിൽക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാൻ‌ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പർ ഉൾ‌പ്പെടെ നടക്കാവ് പൊലീസിനു പരാതി നൽകി. പക്ഷേ നടപടിയൊന്നും ആയിട്ടില്ല.’’– അശ്വിൻ വ്യക്തമാക്കി.

Top