ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ ആക്രമണം

ചെന്നൈ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ ആക്രമണം. ശ്രീലങ്കന്‍ കടല്‍കൊള്ളക്കാരാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു.

മൂന്ന് ബോട്ടുകളിലായി നടുക്കടലിലെത്തി 9 ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നാഗപട്ടണം സ്വദേശികളുടെ ബോട്ട് വളഞ്ഞ കടല്‍ക്കൊള്ളക്കാര്‍ ബോട്ടിലേക്ക് ചാടിക്കയറി ഇഷ്ടികയും വടിയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട്ടിലെ കോസ്റ്റല്‍ പൊലീസ് വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

കവര്‍ച്ച തടയാന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 800 കിലോഗ്രാം മത്സ്യബന്ധന വലകള്‍, 2 മൊബൈല്‍ ഫോണുകള്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍, ബാറ്ററികള്‍, ടോര്‍ച്ച് ലൈറ്റ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

Top