തന്നെ ആക്രമിച്ചത് ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുന്നതിന്റെ സൂചനയാണെന്ന് മമത

വാരണാസി: കയ്യൂക്ക് കൊണ്ട് തന്നെ തടയാനാകില്ലെന്നും ഒരുപാട് വട്ടം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.

തന്നെ ആക്രമിച്ചത് ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുന്നതിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാരണാസിയിലെത്തിയപ്പോള്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ മമതയുടെ വാഹനം തടഞ്ഞിരുന്നു.

രണ്ടു പതിറ്റാണ്ട് മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ സംഘടന സ്ഥാപിച്ചിരുന്നത്. ഗംഗ ആരതിയില്‍ പങ്കെടുക്കാന്‍ ദശാശ്വമേധ് ഘട്ടിലേക്ക് പോകുമ്പോള്‍ ബുധനാഴ്ച വൈകുന്നേരമാണ് മമതയെ ഹിന്ദുത്വര്‍ തടഞ്ഞിരുന്നത്. ഈ സംഭവത്തിന് ശേഷം വാരണാസിയില്‍ നടന്ന എസ്പി റാലിയിലാണ് മമതയുടെ പ്രതികരണം.

ഞാന്‍ ഒരുപാട് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അടിയേറ്റും വെടികൊണ്ടും അനുഭവമുണ്ട്, പക്ഷേ ഒരിക്കലും തലകുനിച്ചിട്ടില്ല. ഞാന്‍ ഭീരുവല്ല, പോരാളിയാണ്’ മമത പറഞ്ഞു. ബംഗാളിലെ വന്‍വിജയത്തിന് ശേഷം യു.പി, ഗോവ സംസ്ഥാനങ്ങളടക്കമുള്ള ഇടങ്ങളില്‍ രാഷ്ട്രീയ ശക്തിയാകാനുള്ള ശ്രമത്തിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്.

Top