തവനൂരില്‍ ഫിറോസിന്റെയും ജലീലിന്റെയും പ്രചാരണ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം

മലപ്പുറം: തവനൂരില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ വാഹനത്തിന് നേരെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീലിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്ത കാറിന് നേരെയും അക്രമമുണ്ടായി. ഇന്നലെയാണ് സംഭവം.

സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാപകമായി ഫ്‌ലക്‌സ് ബോര്‍ഡുകളും തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസും തകര്‍ക്കപ്പെട്ടതായി എല്‍ഡിഎഫ് ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ഫിറോസ് ആരോപിച്ചു.

ബൈക്ക് റാലികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിനാല്‍ ഇന്നലെ കെ ടി ജലീല്‍ ഓട്ടോറിക്ഷ റാലി നടത്തി. ജലീലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ഓട്ടോ.

അതിനിടെ ഫിറോസ് കുന്നംപറമ്പിലിനെ വ്യക്തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റി പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍, വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഫിറോസ് കുന്നംപറമ്പിലിന്റേതെന്ന ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ് രംഗത്തെത്തിയത്.

 

Top