ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന് നേരെ ആക്രമം; റോഡിലൂടെ വലിച്ചിഴച്ചു

ദില്ലി : ദില്ലിയിൽ വനിത കമ്മീഷൻ അധ്യക്ഷക്ക് നേരെ അതിക്രമം. പുലര്‍ച്ചെ മൂന്നേക്കാലോടെയാണ് സംഭവം. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ദില്ലിയിലെ എയിംസ് പരിസരത്താണ് സംഭവം ഉണ്ടായത്ത്. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ ചോദിച്ചു.

സ്വാതി മലിവാളിനെതിരെ നടന്ന അതിക്രമത്തിൽ പ്രതികരിച്ച് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. സംഭവം ഞെട്ടിക്കുന്നതെന്ന് രേഖ ശർമ്മ പറഞ്ഞു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ദില്ലി പൊലീസിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും രേഖ ശർമ വ്യക്തമാക്കി.

Top