സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു.

കല്ലേറിൽ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചു. അക്രമികൾ ബൈക്കിൽ ഇരുന്നുകൊണ്ടു തന്നെ ഓഫീസിന് നേർക്ക് കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബൈക്കിൽ ആറുപേരുണ്ടായിരുന്നുവെന്നാണ് സൂചന.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേർക്കുണ്ടായ അക്രമണത്തിന് രണ്ടുമാസം തികയുന്ന വേളയിലാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്കും ആക്രമണമുണ്ടാകുന്നത്.

Top