സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; 10 ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. 10 ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. ലീഗ് പ്രവര്‍ത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

പെരിങ്ങത്തൂരില്‍ സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കാണ് ഒരു സംഘം ഇന്നലെ രാത്രി തീയിട്ടത്. സിപിഎം അനുഭാവികളുടെ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ഇന്നലെ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് പരാതി. മന്‍സൂറിന്റെ കൊലപാതക കേസില്‍ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അതേസമയം ലീഗ് പ്രവര്‍ത്തകരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുവെന്നാണ് ലീഗ് നേതാക്കളുടെ ആരോപണം. അതേസമയം കലക്ടറുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ സമാധാനയോഗം നടക്കുകയാണ്.

മന്‍സൂറിന്റെ കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഷിനോസ്. ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ല സഹോദരന്‍ മുഹ്‌സിനെയാണെന്നാണ് ഷിനോസ് പൊലീസിനോട് പറഞ്ഞത്.

 

Top