വട്ടിയൂര്‍ക്കാവില്‍ പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്ത നിലയില്‍

വട്ടിയൂര്‍ക്കാവ്: തിരുവനന്തപുരം വട്ടിയൂര്‍ക്കാവിനടുത്ത് നെട്ടയം മലമുകളില്‍ പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. പരുത്തിപ്പാറ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയിലെ കല്ലറകളാണ് തകര്‍ത്തത്.

ഇന്നലെ രാത്രിയാണ് പള്ളി സിമിത്തേരിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. അഞ്ച് കല്ലറകള്‍ പൂര്‍ണമായും തകരുകയും 23 കല്ലറകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.മൂന്ന് കല്ലറകളിലെ ശവപ്പെട്ടികളും തകര്‍ത്തു.

നഗരത്തിലെ 75ല്‍ അധികം പള്ളികളുടെ സെമിത്തേരികള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. അഞ്ച് സഭകള്‍ ചേര്‍ന്ന് പുതിയ സെമിത്തേരി തുടങ്ങാന്‍ ശ്രമിച്ചതോടെ കുടിവെള്ളം മലിനമാകുന്നുവെന്ന് ആരോപിച്ച് നാട്ടുകാരായ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

സെമിത്തേരികള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സോടെയാണെന്ന് സഭാ പ്രതിനിധികള്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top