അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ ആക്രമണം; ജയറാം രമേശിന്റെ കാർ ആക്രമിച്ചു

ഗുവാഹത്തി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ അസമിൽ ആക്രമണം. സോനിത്പുരിൽ വച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ കാർ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു. ബിജെപി പ്രവർത്തകർ കാറിലെ ന്യായ് യാത്രയുടെ സ്റ്റിക്കർ വലിച്ചുകീറി. ആക്രമണത്തിനു പിന്നിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണെന്ന് ജയ്റാം രമേശ് ആരോപിച്ചു.

‘‘സോനിത്പുരിലെ ജുമുഗുരിഹാട്ടിൽ വച്ച് എന്റെ വാഹനത്തിനു നേരെ ഒരുകൂട്ടം ബിജെപി പ്രവർത്തകർ ആക്രമണം നടത്തി. വിൻഡ്ഷീൽഡില്‍ ഒട്ടിച്ചിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറി. വാഹനത്തിൽ വെള്ളമൊഴിച്ചു. ന്യായ് യാത്രയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പക്ഷേ ഞങ്ങൾ സംയമനം പാലിച്ചു. ഇത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ പ്രവർത്തനമാണ്.’’– അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് ജനറൽ സെക്രട്ടറിയെ ‘ബിജെപിയുടെ ഗുണ്ടകൾ’ ആക്രമിച്ചുവെന്ന് കോൺഗ്രസും എക്സിൽ കുറിച്ചു.

‘‘ജയറാം രമേശിന്റെ കാർ തടഞ്ഞ് കാറിലെ സ്റ്റിക്കർ വലിച്ചുകീറി. ക്യാമറാമാനെയും സ്ത്രീകളുൾപ്പെടെയുള്ള കോൺഗ്രസ് സോഷ്യൽ മീഡിയ ടീമംഗങ്ങളെയും ബിജെപി ഗുണ്ടകൾ ആക്രമിച്ചു. ഈ ഗുണ്ടകളുടെ കൈയിൽ ബിജെപി പതാകയുണ്ടായിരുന്നു. ഈ സംഭവം അസം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നേരിട്ടു ചെയ്തതാണെന്ന് വ്യക്തമാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ വിജയം ബിജെപിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. അവർ പരിഭ്രാന്തരാണ്. പക്ഷേ ഞങ്ങൾ ഭയപ്പെടുന്നില്ല. യാത്രയെ തടയാൻ ഒരു ശക്തിക്കും കഴിയില്ല’’– കോൺഗ്രസിന്റെ പോസ്റ്റിൽ പറയുന്നു.

Top