വിദ്യാര്‍ത്ഥികള്‍ക്ക് മീസല്‍സ് – റുബെല്ല കുത്തിവെപ്പ് എടുക്കുന്നതിനിടെ സംഘംചേര്‍ന്ന് നഴ്സിനെ ആക്രമിച്ചു

വളാഞ്ചേരി: എടയൂര്‍ അത്തിപ്പറ്റ ഗവ. എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മീസല്‍സ് – റുബെല്ല കുത്തിവെപ്പ് എടുക്കുന്നതിനിടെ സംഘംചേര്‍ന്ന് നഴ്സിനെ ആക്രമിച്ചു.

എടയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്യാമളാബായി (45) യെയാണ് ആക്രമിച്ചത്.

കഴുത്തിനും കൈക്കും പരിക്കേറ്റ ഇവര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവരുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ ഏതാനും പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച പന്ത്രണ്ടരയോടെയാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ സ്‌കൂളിലെത്തിയത്.

മെഡിക്കല്‍ ഓഫീസര്‍ ഡോ. അലി ഹസന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിക്രമന്‍ എന്നിവര്‍ക്കൊപ്പം നാല് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

പതിനഞ്ചോളം കുട്ടികള്‍ക്ക് കുത്തിവെച്ചു കഴിഞ്ഞതോടെയാണ് മുപ്പതോളംപേരടങ്ങുന്ന സംഘം കുത്തിവെപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്ന ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ വാദങ്ങള്‍ ചെവിക്കൊള്ളാതെ ഇവര്‍ ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥരെ അസഭ്യംപറയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതിനിടയിലാണ് നഴ്സിനെ ആക്രമിച്ചത്.

തന്നെ ഇരുമ്പുവടിയുമായാണ് ഒരാള്‍ ആക്രമിക്കാന്‍ വന്നതെന്നും ആരോ പിടിച്ചുമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടതാണെന്നും പരിക്കേറ്റ ശ്യാമളാബായി പറഞ്ഞു.

അനാവശ്യമായ ആരോപണങ്ങളും അപവാദങ്ങളുംപറഞ്ഞ് കുത്തിവെപ്പ് തടസ്സപ്പെടുത്തുകയായിരുന്നു ഇക്കൂട്ടരെന്ന് മെഡിക്കല്‍ ഓഫീസര്‍ അലി അഹമ്മദ് പറഞ്ഞു.

കുത്തിവെപ്പെടുക്കാന്‍ താത്പര്യമില്ലാത്ത രണ്ടുകുട്ടികളും കുത്തിവെപ്പെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നെന്നും, ഇതിന്റെ പേരിലാണ് സംഘം പ്രശ്നമുണ്ടാക്കിയതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

Top